CHRISTIAN PRAYERS
- കുരിശടയാളം
ചെറുത്
പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍. ആമ്മേന്‍.
വലുത്
വിശുദ്ധ കുരിശിന്‍റെ അടയാളത്താല്‍/ ഞങ്ങളുടെ ശത്രുക്കളില്‍ നിന്നും/ ഞങ്ങളെ രക്ഷിക്കണമേ/ ഞങ്ങളുടെ തമ്പുരാനെ/ പിതാവിന്‍റെയും പുത്രന്‍റെയും/പരിശുദ്ധാത്മാവിന്‍റെയും/ നാമത്തില്‍. ആമ്മേന്‍. - ത്രിത്വസ്തുതി
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമ്മേന്‍.
- യേശു പഠിപ്പിച്ച പ്രാര്‍ത്ഥന (സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ)
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമെ, അങ്ങയുടെ
രാജ്യം വരണമെ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ
ഭൂമിയിലുമാകണമെ. അങ്ങുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമെ, ഞങ്ങളോട്
തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍
ഞങ്ങളോടും ക്ഷമിക്കണമെ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ,
തിന്‍മയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ആമ്മേന്‍ (ലൂക്കാ 11:2-4,
മത്താ. 6:9-15)..
- നന്‍മനിറഞ്ഞ മറിയം
നന്‍മനിറഞ്ഞ മറിയമെ സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ, സ്ത്രീകളില്‍
അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ
അനുഗ്രഹിക്കപ്പെട്ടവനാകുന്നു (ലൂക്കാ 1:28, 1:42-43).
പരിശുദ്ധ മറിയമേ; തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമെ, ആമ്മേന്‍.
(സഭയുടെ പ്രാര്‍ത്ഥനയാണിത്) - സാധാരണ ത്രികാലജപം
കര്‍ത്താവിന്‍റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു;
പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു. 1 നന്‍മ.
ഇതാ കര്‍ത്താവിന്‍റെ ദാസി!
നിന്‍റെ വചനം പോലെ എന്നില്‍ സംഭവിക്കട്ടെ. 1 നന്‍മ.
വചനം മാംസമായി,
നമ്മുടെ ഇടയില്‍ വസിച്ചു.
(ലൂക്കാ 1:26-38, യോഹ 1:14) 1 നന്‍മ
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍,
സര്‍വ്വേശ്വരന്‍റെ പരിശുദ്ധമാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം സര്‍വ്വേശ്വരാ/മാലാഖയുടെ സന്ദേശത്താല്‍/അങ്ങയുടെ പുത്രനായ/ഈശോമിശിഹായുടെ/മനുഷ്യാവതാര വാര്‍ത്ത/അറിഞ്ഞിരിക്കുന്ന ഞങ്ങള്‍/അവിടുത്തെ പീഡാനുഭവവും/കുരിശുമരണവും മുഖേന/ഉയിര്‍പ്പിന്‍റെ മഹിമ പ്രാപിക്കുവാന്‍/അനുഗ്രഹിക്കണമെ എന്നു/ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി/ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. (3 ത്രിത്വ)
- വിശുദ്ധവാര ത്രികാലജപം
(വലിയബുധന്‍ സായാഹ്നം മുതല്‍ ഉയിര്‍പ്പ് ഞായര്‍ വരെ ചൊല്ലേണ്ടത്)
മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്‌വഴങ്ങി
അതേ, അവിടുന്നു കുരിശുമരണത്തോളം കീഴ്‌വഴങ്ങി;
അതിനാല്‍, ദൈവം അവിടുത്തെ ഉയര്‍ത്തി.
എല്ലാ നാമത്തേയുംകാള്‍ ഉന്നതമായ നാമം അവിടുത്തേയ്ക്കു നല്‍കി (ഫിലി. 2:6-10) 1 സ്വര്‍ഗ്ഗ. പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ/ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ/ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്‍പിക്കപ്പെട്ട്/ കുരിശില്‍ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍ പാര്‍ക്കണമെ/ അങ്ങയോടുകൂടി/ എന്നേക്കും/ ജീവിച്ചു വാഴുന്ന/ ഞങ്ങളുടെ കര്‍ത്താവായ/ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.
- പെസഹാക്കാല ത്രികാലജപം
(ഉയിര്‍പ്പു ഞായര്‍ തുടങ്ങി പരിശുദ്ധത്രിത്വത്തിന്‍റെ ഞായര്‍ വരെ ചൊല്ലേണ്ടത്)
സ്വര്‍ല്ലോകരാജ്ഞി ആനന്ദിച്ചാലും, അല്ലേലൂയ്യ!
എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ
തിരുവുദരത്തില്‍ അവതരിച്ചയാള്‍, അല്ലേലൂയ്യ!
അരുളിച്ചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു, അല്ലേലൂയ്യ!
ഞങ്ങള്‍ക്കുവേണ്ടി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കണമെ, അല്ലേലൂയ്യ!
കന്യകാമറിയമേ ആമോദിച്ചാനന്ദിച്ചാലും, അല്ലേലൂയ്യ!
എന്തെന്നാല്‍ കര്‍ത്താവ് സത്യമായി ഉയിര്‍ത്തെഴുന്നേറ്റു. അല്ലേലൂയ! പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ/അങ്ങയുടെ പുത്രനും/ ഞങ്ങളുടെ കര്‍ത്താവുമായ / ഈശോമിശിഹായുടെ ഉത്ഥാനത്താല്‍/ ലോകത്തെ ആനന്ദിപ്പിക്കുവാന്‍/ അങ്ങ് തിരുമനസ്സായല്ലോ/ അവിടുത്തെ മാതാവായ/ കന്യകാമറിയം മുഖേന/ ഞങ്ങള്‍ നിത്യാനന്ദം പ്രാപിക്കുവാന്‍/ അനുഗ്രഹം നല്‍കണമെന്നു അങ്ങയോടു ഞങ്ങള്‍/ അപേക്ഷിക്കുന്നു.
- വിശ്വാസപ്രമാണം
സര്‍വ്വശക്തനായ പിതാവും/ ആകാശത്തിന്‍റെയും/ ഭൂമിയുടെയും സ്രഷ്ടാവുമായ/
ദൈവത്തില്‍/ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും/ നമ്മുടെ
കര്‍ത്താവുമായ/ ഈശോമിശിഹായിലും/ ഞാന്‍ വിശ്വസിക്കുന്നു./ ഈ പുത്രന്‍/
പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി/ കന്യകാമറിയത്തില്‍ നിന്നു പിറന്നു/
പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത്/ പീഡകള്‍ സഹിച്ച്/ കുരിശില്‍
തറയ്ക്കപ്പെട്ടു/ മരിച്ച് അടക്കപ്പെട്ടു/ പാതാളങ്ങളില്‍ ഇറങ്ങി/
മരിച്ചവരുടെ ഇടയില്‍ നിന്നും/ മൂന്നാം നാള്‍ ഉയര്‍ത്തു/
സ്വര്‍ഗ്ഗത്തിലേയ്ക്കെഴുന്നള്ളി സര്‍വ്വശക്തിയുള്ള/ പിതാവായ ദൈവത്തിന്‍റെ/
വലതുഭാഗത്ത് ഇരിക്കുന്നു./ അവിടുന്നു/ ജീവിക്കുന്നവരെയും മരിച്ചവരെയും/
വിധിക്കുവാന്‍/ വരുമെന്നും/ ഞാന്‍ വിശ്വസിക്കുന്നു./
പരിശുദ്ധാത്മാവിലും/ ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ
സഭയിലും/ പുണ്യവാന്‍മാരുടെ ഐക്യത്തിലും/ പാപങ്ങളുടെ മോചനത്തിലും/
ശരീരത്തിന്‍റെ ഉയിര്‍പ്പിലും/ നിത്യമായ ജീവിതത്തിലും/ ഞാന്‍
വിശ്വസിക്കുന്നു/ ആമ്മേന്‍!
- അനുരഞ്ജനകൂദാശയ്ക്കുള്ള ജപം
(കുമ്പസാരത്തിനുള്ള ജപം)
സര്‍വ്വശക്തനായ ദൈവത്തോടും/ നിത്യകന്യകയായ പരിശുദ്ധമറിയത്തോടും/ പ്രധാനമാലാഖയായ വിശുദ്ധ മിഖായേലിനോടും/ വിശുദ്ധ സ്നാപകയോഹന്നാനോടും/ അപ്പസ്തോലന്‍മാരായ/ പത്രോസിനോടും/ പൗലോസിനോടും/ സകല വിശുദ്ധരോടും/ പിതാവേ അങ്ങയോടും ഞാന്‍ ഏറ്റുപറയുന്നു;/ വിചാരത്താലും/ വാക്കാലും പ്രവൃത്തിയാലും/ ഉപേക്ഷയാലും ഞാന്‍ വളരെയേറെ പാപം ചെയ്തുപോയി/ (പിഴയടിക്കുന്നു) എന്റെ പിഴ/ എന്‍റെ പിഴ, എന്‍റെ വലിയ പിഴ, ആകയാല്‍ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും/ പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും/ വിശുദ്ധ സ്നാപക യോഹന്നാനോടും അപ്പസ്തോലന്‍മാരായ പത്രോസിനോടും/ പൗലോസിനോടും/ സകല വിശുദ്ധരോടും/ സഹോദരരെ നിങ്ങളോടും/ ഞാനപേക്ഷിക്കുന്നു. എനിക്കുവേണ്ടി/ നമ്മുടെ കര്‍ത്താവായ ദൈവത്തോട്/ പ്രാര്‍ത്ഥിക്കണമെ. ആമ്മേന്‍.
- മനസ്താപപ്രകരണം
എന്‍റെ ദൈവമേ/ ഏറ്റം നല്ലവനും/ എല്ലാറ്റിനും ഉപരിയായി
സ്നേഹിക്കപ്പെടുവാന്‍/ യോഗ്യനുമായ/ അങ്ങേയ്ക്കെതിരായി
പാപംചെയ്തുപോയതിനാല്‍/ പൂര്‍ണ്ണഹൃദയത്തോടെ/ ഞാന്‍ മനസ്തപിക്കുകയും/
പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു/ അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു/ എന്‍റെ
പാപങ്ങളാല്‍/ എന്‍റെ ആത്മാവിനെ / അശുദ്ധനാ (യാ)/ ക്കിയതിനാലും/
സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി (അര്‍ഹയായി)
ത്തീര്‍ന്നതിനാലും/ ഞാന്‍/ ഖേദിക്കുന്നു/ അങ്ങയുടെ പ്രസാദവരസഹായത്താല്‍/
പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും/ മേലില്‍ പാപം ചെയ്യുകയില്ലെന്നും
ഞാന്‍ ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക
എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനാ(യാ)യിരിക്കുന്നു.
- പരിശുദ്ധരാജ്ഞി (രാജകന്യകേ)
പരിശുദ്ധരാജ്ഞി/ കരുണയുടെ മാതാവേ സ്വസ്തി/ ഞങ്ങളുടെ ജീവനും/ മാധുര്യവും/
ശരണവുമേ/ സ്വസ്തി. ഹവ്വായുടെ പുറംതള്ളപ്പെട്ട/ മക്കളായ ഞങ്ങള്‍
അങ്ങേപ്പക്കല്‍/ നിലവിളിക്കുന്നു. കണ്ണുനീരിന്‍റെ/ ഈ താഴ്‌വരയില്‍
നിന്ന്/ വിങ്ങിക്കരഞ്ഞ്/ അങ്ങേപ്പക്കല്‍/ ഞങ്ങള്‍/ നെടുവീര്‍പ്പിടുന്നു.
ആകയാല്‍/ ഞങ്ങളുടെ മദ്ധ്യസ്ഥേ/ അങ്ങയുടെ കരുണയുള്ള കണ്ണുകള്‍/ ഞങ്ങളുടെ
നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം/ അങ്ങയുടെ/ ഉദരത്തിന്‍റെ
അനുഗ്രഹീതഫലമായ ഈശോയെ/ ഞങ്ങള്‍ക്ക് കാണിച്ചുതരണമേ. കരുണയും വാത്സല്യവും/
മാധുര്യവും/ നിറഞ്ഞ/ കന്യകാമറിയമേ ആമ്മേന്‍.
- എത്രയും ദയയുള്ള മാതാവേ
(വിശുദ്ധ ബര്‍ണാഡിന്‍റെ പ്രാര്‍ത്ഥന)
എത്രയും ദയയുള്ള മാതാവേ/നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്/നിന്‍റെ സഹായം തേടി/നിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍/ഒരുവനെയെങ്കിലും/നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല/എന്ന് നീ ഓര്‍ക്കണമെ. കന്യകളുടെ രാജ്ഞിയായ കന്യകേ/ദയയുള്ള മാതാവെ/ഈവിശ്വാസത്തില്‍ ധൈര്യപ്പെട്ടു/നിന്‍റെ തൃപ്പാദത്തിങ്കല്‍/ഞാന്‍ അണയുന്നു. വിലപിച്ചു കണ്ണുനീര്‍ ചിന്തി/പാപിയായ ഞാന്‍/നിന്‍റെ ദയാധിക്യത്തെ കാത്തു കൊണ്ട്/നിന്‍റെ സന്നിധിയില്‍/നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ/ എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ/ദയാപൂര്‍വ്വം കേട്ടരുളേണമെ, ആമ്മേന്‍.
BASIC CATEHISM
- ദൈവകല്‍പനകള്‍ പത്ത്
-
നിന്‍റെ കര്‍ത്താവായ ദൈവം ഞാനാകുന്നു.
ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. - ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.
- കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
- മാതാപിതാക്കന്‍മാരെ ബഹുമാനിക്കണം.
- കൊല്ലരുത്.
- വ്യഭിചാരം ചെയ്യരുത്.
- മോഷ്ടിക്കരുത്.
- കള്ളസാക്ഷി പറയരുത്.
- അന്യന്‍റെ ഭാര്യയെ മോഹിക്കരുത്.
- അന്യന്‍റെ വസ്തുക്കള്‍ മോഹിക്കരുത് (പുറ. 20:1-17).
- എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം.
- തന്നെപ്പോലെ മറ്റുള്ളവരേയും സ്നേഹിക്കണം.
-
നിന്‍റെ കര്‍ത്താവായ ദൈവം ഞാനാകുന്നു.
- തിരുസ്സഭയുടെ കല്‍പനകള്‍ അഞ്ച്
-
ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും ദിവ്യ ബലിയില്‍ പൂര്‍ണ്ണമായും
സജീവമായും പങ്കുകൊള്ളണം. ആ ദിവസങ്ങളില്‍ വിലക്കപ്പെട്ട വേലകള്‍
ചെയ്യരുത്.
- ആണ്ടിലൊരിക്കലെങ്കിലും അനുരഞ്ജന കൂദാശ സ്വീകരിക്കുകയും (കുമ്പസാരിക്കുകയും) പെസഹാകാലത്ത് പരിശുദ്ധ കുര്‍ബാന ഉള്‍ക്കൊള്ളുകയും വേണം.
- നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യണം.
- വിലക്കപ്പെട്ട കാലത്ത് വിവാഹം ആഘോഷിക്കുകയോ തിരുസ്സഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്.
- ദൈവാലയത്തിനും ദൈവാലയ ശുശ്രൂഷകര്‍ക്കും വൈദികാദ്ധ്യക്ഷന്‍ നിശ്ചയിച്ചിട്ടുള്ള പതവാരവും മറ്റ് ഓഹരികളും കൊടുക്കണം.
-
ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും ദിവ്യ ബലിയില്‍ പൂര്‍ണ്ണമായും
സജീവമായും പങ്കുകൊള്ളണം. ആ ദിവസങ്ങളില്‍ വിലക്കപ്പെട്ട വേലകള്‍
ചെയ്യരുത്.
- കൂദാശ
അദൃശ്യനായ ദൈവത്തെ അറിയാനുള്ള ദൃശ്യവും രക്ഷാകരവുമായ അടയാളമാണ് കൂദാശ.
കൂദാശകള്‍ ഏഴ്
- മാമ്മോദീസാ (ജ്ഞാനസ്നാനം)
- സ്ഥൈര്യലേപനം
- കുര്‍ബാന (ദിവ്യകാരുണ്യം)
- കുമ്പസാരം (അനുരഞ്ജനം)
- രോഗീലേപനം
- തിരുപ്പട്ടം
- വിവാഹം
- മാമ്മോദീസാ (ജ്ഞാനസ്നാനം)
ജന്‍മപാപത്തില്‍ നിന്നും കര്‍മ്മപാപം ഉണ്ടെങ്കില്‍ അതില്‍ നിന്നും
മോചിപ്പിച്ച് നമ്മെ ദൈവത്തിന്‍റെ മക്കളും ക്രിസ്തുവിന്‍റെ അനുയായികളും
സ്വര്‍ഗ്ഗത്തിനവകാശികളുമാക്കുന്ന കൂദാശയാകുന്നു മാമ്മോദീസ.
- സ്ഥൈര്യലേപനം
പരിശുദ്ധാരൂപിയെ നമുക്ക് നല്‍കി ഉത്തമ ക്രിസ്ത്യാനികളും ക്രിസ്തുവിന്‍റെ സാക്ഷികളും ആക്കിത്തീര്‍ക്കുന്ന ഒരു കൂദാശയാകുന്നു സ്ഥൈര്യലേപനം.
- കുര്‍ബാന (ദിവ്യകാരുണ്യം)
നമ്മുടെ ഭോജനമായി അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സാദൃശ്യങ്ങളില്‍
നമ്മുടെ കര്‍ത്താവീശോമിശിഹായുടെ തിരു ശരീരവും തിരുരക്തവും ആത്മാവും
ദൈവസ്വഭാവവും അടങ്ങിയിരിക്കുന്ന കൂദാശയാകുന്നു വി. കുര്‍ബാന.
- കുമ്പസാരം (അനുരഞ്ജനം)
ജ്ഞാനസ്നാനം സ്വീകരിച്ചയാള്‍ തിരിച്ചറിവ് വന്നശേഷം ചെയ്തുപോയ പാപങ്ങളെ
അനുതാപത്തോടെ ഏറ്റുപറയുകയും ആ പാപങ്ങളില്‍ നിന്നും മോചനവും ദൈവവരപ്രസാദവും
നേടുന്നതാണ് അനുരജ്ഞനകൂദാശ.
- രോഗീലേപനം
രോഗിക്ക് സുഖമരുളുവാന്‍ വിശുദ്ധതൈലം പൂശി പ്രാര്‍ത്ഥിക്കുകയും
പാപങ്ങളുണ്ടെങ്കില്‍ അതില്‍ നിന്നും മോചനം നല്‍കുകയും ചെയ്യുന്ന
കൂദാശയാണ് രോഗീലേപനം. (വി. യാക്കോ. 5: 13-18).
- തിരുപ്പട്ടം
ദൈവജനത്തില്‍ നിന്നും ദൈവജനത്തിനുവേണ്ടി ദൈവത്താല്‍
തെരഞ്ഞെടുക്കപ്പെടുന്നവര്‍ യേശുവിന്‍റെ ശുശ്രൂഷാ പൗരോഹിത്യത്തില്‍
പങ്കുചേര്‍ന്നു ദൈവജനത്തെ പഠിപ്പിക്കാനും വിശുദ്ധീകരിക്കാനും നയിക്കാനും
വേണ്ട അനുഗ്രഹവും അധികാരവും നേടുന്ന കൂദാശയാണ് തിരുപ്പട്ടം (ഹെബ്രാ.
5:1, യോഹ. 15:16).
- വിവാഹം
യേശു സഭയെ സ്നേഹിച്ചതുപോലെ സ്നേഹിക്കാനും, പരസ്പരസ്നേഹത്തിലും
സമര്‍പ്പണത്തിലും വളരുവാനും, ജനിക്കുന്ന മക്കളെ ക്രിസ്തുവിന്‍റെയും
സഭയുടെയും പ്രബോധനമനുസരിച്ച് വളര്‍ത്തുവാനും വേണ്ട കൃപാവരം നല്‍കുന്ന
കൂദാശയാണ് വിവാഹം (എഫേ. 5:25, യോഹ. 13: 13-15; 15:13).
- അനുരഞ്ജനകൂദാശ സ്വീകരണത്തിനുവേണ്ട കാര്യങ്ങള്‍ അഞ്ച്
- പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കുന്നത്.
- പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്നത്.
- മേലില്‍ പാപം ചെയ്കയില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നത്.
- ചെയ്തുപോയ മാരകപാപങ്ങള്‍ വൈദികനെ അറിയിക്കുന്നത്.
- വൈദികന്‍ കല്‍പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്.
- സുവിശേഷഭാഗ്യങ്ങള്‍ എട്ട്
- ദരിദ്രര്‍ ഭാഗ്യവാന്‍മാര്‍, എന്തുകൊണ്ടെന്നാല്‍ ദൈവരാജ്യം അവരുടേതാകുന്നു.
- ദുഃഖിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ആശ്വസിക്കപ്പെടും.
- എളിമയുള്ളവര്‍ ഭാഗ്യവാന്‍മാര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ഭൂമിയെ അവകാശമായി അനുഭവിക്കും.
- നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ തൃപ്‌തരാക്കപ്പെടും.
- കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍, എന്തുകൊണ്ടെന്നാല്‍ അവരുടെ മേല്‍ കരുണയുണ്ടാകും.
- ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവത്തെ കാണും.
- സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവപുത്രര്‍ എന്നു വിളിക്കപ്പെടും.
- നീതിക്കുവേണ്ടി പീഡനം അനുഭവിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍, എന്തുകൊണ്ടെന്നാല്‍ ദൈവരാജ്യം അവരുടേതാകുന്നു (ലൂക്കാ 6: 20, മത്താ. 5:3-12) ആമ്മേന്‍.
- കാരുണ്യപ്രവൃത്തികള്‍ പതിനാല്
- വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുന്നത്.
- ദാഹിക്കുന്നവര്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നത്.
- വസ്ത്രമില്ലാത്തവര്‍ക്ക് വസ്ത്രം കൊടുക്കുന്നത്.
- പാര്‍പ്പിടമില്ലാത്തവര്‍ക്ക് പാര്‍പ്പിടം കൊടുക്കുന്നത്.
- രോഗികളെയും തടവുകാരെയും സന്ദര്‍ശിക്കുന്നത്.
- അവശരെ സഹായിക്കുന്നത് (മത്തായി 25:31-46).
- അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്.
- സംശയമുള്ളവരുടെ സംശയം തീര്‍ക്കുന്നത്.
- ദുഃഖിതരെ ആശ്വസിപ്പിക്കുന്നത്.
- തെറ്റ് ചെയ്യുന്നവരെ തിരുത്തുന്നത്.
- ഉപദ്രവങ്ങള്‍ ക്ഷമിക്കുന്നത്.
- അന്യരുടെ കുറവുകള്‍ ക്ഷമയോടെ സഹിക്കുന്നത്.
- മരിച്ചവരെ അടക്കുന്നത്.
- ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നത്.
- പരിശുദ്ധ കുര്‍ബാന യോഗ്യതയോടെ ഉള്‍ക്കൊള്ളുവാന്‍ വേണ്ടുന്ന കാര്യങ്ങള്‍ മൂന്ന്
- പ്രസാദവരം ഉണ്ടായിരിക്കുന്നത്.
- ദിവ്യകാരുണ്യസ്വീകരണത്തിന് മുന്‍പ് ഒരു മണിക്കൂര്‍ ഉപവസിക്കുന്നത്. (വെള്ളംകുടിക്കുന്നത് ഉപവാസ ലംഘനമല്ല)
- വേണ്ടത്ര ഭക്തിയും ഒരുക്കവും ഉണ്ടായിരിക്കുന്നത്.
- ദൈവലക്ഷണങ്ങള്‍
- തന്നാല്‍ താനായിരിക്കുന്നു.
- അനാദിയായിരിക്കുന്നു.
- അശരീരിയായിരിക്കുന്നു.
- സര്‍വ്വനന്‍മസ്വരൂപനായിരിക്കുന്നു.
- സകലത്തിനും ആദികാരണമായിരിക്കുന്നു.
- സര്‍വ്വ വ്യാപിയായിരിക്കുന്നു.
- വിശ്വാസപ്രകരണം
എന്‍റെ ദൈവമേ, കത്തോലിക്ക തിരുസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും
ചെയ്യുന്ന സത്യങ്ങളെല്ലാം ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു.
എന്തെന്നാല്‍ വഞ്ചിക്കുവാനും വഞ്ചിക്ക പ്പെടുവാനും കഴിയാത്തവനായ
അങ്ങുതന്നെയാണു അവ വെളിപ്പെടുത്തിയിരിക്കുന്നത്.
സംക്ഷിപ്ത വിശ്വാസപ്രകരണം എന്‍റെ ദൈവമേ, അങ്ങ് പരമസത്യമായിരിക്കയാല്‍ അങ്ങില്‍ ഞാന്‍ വിശ്വസിക്കുന്നു. എന്‍റെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കണമേ.
- പ്രത്യാശപ്രകരണം
എന്‍റെ ദൈവമേ, അങ്ങ് സര്‍വ്വശക്തനും അനന്തദയാലുവും വാഗ്ദാനങ്ങളില്‍
വിശ്വസ്തനുമാണ്. ആകയാല്‍ ഞങ്ങളുടെ കര്‍ത്താവും രക്ഷകനുമായ ഈശോമിശിഹായുടെ
യോഗ്യതകളാല്‍ പാപമോചനവും, അങ്ങയുടെ പ്രസാദവര സഹായവും, നിത്യജീവിതവും
എനിക്ക് ലഭിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
സംക്ഷിപ്ത പ്രത്യാശ പ്രകരണം എന്‍റെ ദൈവമേ, അങ്ങേ സര്‍വ്വശക്തനും കാരുണ്യവാനും വിശ്വസ്തനും ആയിരിക്കയാല്‍ അങ്ങില്‍ ഞാന്‍ പ്രത്യാശിക്കുന്നു. എന്‍റെ പ്രത്യാശയെ വര്‍ദ്ധിപ്പിക്കണമേ.
- സ്നേഹപ്രകരണം
എന്‍റെ ദൈവമേ അങ്ങ് അനന്തനന്‍മസ്വരൂപനും പരമസ്നേഹ യോഗ്യനുമാണ്.
ആകയാല്‍ പൂര്‍ണ്ണ ഹൃദയത്തോടെ എല്ലാറ്റിനും ഉപരിയായി അങ്ങയെ ഞാന്‍
സ്നേഹിക്കുന്നു. അങ്ങയോടുള്ള സ്നേഹത്തെക്കുറിച്ചു മറ്റുള്ളവരെയും
എന്നെപ്പോലെ ഞാന്‍ സ്നേഹിക്കുന്നു. എന്നെ ഉപദ്രവിച്ചിട്ടുള്ള
എല്ലാവരോടും ഞാന്‍ ക്ഷമിക്കുന്നു. ഞാന്‍ ഉപദ്രവിച്ചിട്ടുള്ള
എല്ലാവരോടും മാപ്പപേക്ഷിക്കുകയും ചെയ്യുന്നു.
സംക്ഷിപ്ത സ്നേഹപ്രകരണം എന്‍റെ ദൈവമേ, അങ്ങ് അനന്ത നന്‍മയായിരിക്കയാല്‍ അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. എന്‍റെ സ്നേഹത്തെ വര്‍ദ്ധിപ്പിക്കണമെ.
- കടമുള്ള ദിവസങ്ങള്‍
- എല്ലാ ഞായറാഴ്ചകളും.
- പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം - ആഗസ്റ്റ് 15.
- ക്രിസ്തുമസ്-ഡിസംബര്‍ 25.
- മാംസം വര്‍ജ്ജിക്കേണ്ട ദിവസങ്ങള്‍
- വിഭൂതി ബുധന്‍.
- ദുഃഖവെള്ളി.
- എല്ലാ വെള്ളിയാഴ്ചകളും.
- ഉപവാസദിനങ്ങള്‍
- വിഭൂതി ബുധന്‍.
-
ദുഃഖവെള്ളി (കാനോന്‍ നിയമം 1249).
(ആഗമനകാലത്തും തപസ്സുകാലത്തും ഉപവസിക്കുന്നത് നല്ലതാണ്)
- മനുഷ്യന്‍റെ അന്ത്യങ്ങള്‍ നാല്
- മരണം 2. വിധി 3. സ്വര്‍ഗ്ഗം 4. നരകം
- മൗലിക സുകൃതങ്ങള്‍ നാല്
- വിവേകം 2. നീതി 3. ആത്മശാന്തി 4. മിതത്വം
- പ്രധാന പുണ്യപ്രവൃത്തികള്‍ മൂന്ന്
- നോമ്പ് 2. പ്രാര്‍ത്ഥന 3. ധര്‍മ്മദാനം (മത്താ. 6:1-18)
- പരിശുദ്ധാരൂപിയുടെ ദാനങ്ങള്‍ ഏഴ്
- ജ്ഞാനം 2. ബുദ്ധി 3. ആലോചന 4. ആത്മശക്തി 5. അറിവ് 6. ഭക്തി 7. ദൈവഭയം (1കൊറി.12:1-11)
- പരിശുദ്ധാരൂപിയുടെ ഫലങ്ങള്‍ പന്ത്രണ്ട്
1 ഉപവി 7 കനിവ് 2 ആനന്ദം 8 സൗമ്യത 3 സമാധാനം 9 വിശ്വാസം 4 ക്ഷമ 10 അടക്കം 5 സഹനശക്തി 11 ആത്മസംയമനം 6 നന്‍മ 12 കന്യാവ്രതം (ഗലാത്യര്‍ 5:22-23)
- പരിശുദ്ധാരൂപിക്ക് എതിരായ പാപങ്ങള്‍ ആറ്
- സ്വര്‍ഗ്ഗം കിട്ടുകയില്ല എന്നുള്ള വിചാരം ( നിരാശ).
- സത്പ്രവൃത്തി കൂടാതെ സ്വര്‍ഗ്ഗം പ്രാപിക്കണമെന്ന മിഥ്യാ ധാരണ.
- ഒരു കാര്യം സത്യമാണെന്ന് അറിഞ്ഞാലും അതിനെ നിഷേധിക്കുന്നത്.
- അന്യരുടെ നന്‍മയിലുള്ള അസൂയ.
- പാപം ചെയ്തതിനുശേഷം അനുതപിക്കാതെ പാപത്തില്‍ തന്നെ ജീവിക്കുന്നത്.
- അന്ത്യസമയത്തുപോലും അനുതപിക്കാതെ പാപത്തോടു കൂടെ മരിക്കുന്നത്.
- ദൈവികപുണ്യങ്ങള്‍ മൂന്ന്
- വിശ്വാസം 2. ശരണം 3. ഉപവി
- ദൈവസിധിയില്‍ പ്രതികാരത്തിനായി ആവശ്യപ്പെടുന്ന പാപങ്ങള്‍ നാല്
- മനഃപൂര്‍വ്വം കൊലപാതകം ചെയ്യുന്നത്.
- പ്രകൃതി വിരുദ്ധമായ മോഹപാപം ചെയ്യുന്നത്.
- അനാഥരെയും വിധവകളെയും പരദേശികളെയും പൈതങ്ങളെയും പീഡിപ്പിക്കുന്നത് (പുറ. 22: 21-27).
-
വേലക്കാര്‍ക്ക് ശരിയായ കൂലി കൊടുക്കാതിരിക്കുന്നത്.
(ആമോസ് 4:1; 8:4-14; യാക്കോ 5:1-6)
- സുവിശേഷത്തിലെ വിശിഷ്ടോപദേശങ്ങള്‍ മൂന്ന്
- ദൈവത്തെ പ്രതി സ്വമനസാ നേരുന്ന അനുസരണം.
- ദൈവത്തെ പ്രതി സ്വമനസാ നേരുന്ന കന്യാവ്രതം.
-
ദൈവത്തെ പ്രതി സ്വമനസാ നേരുന്ന ദാരിദ്ര്യം.
(മത്താ 19:11-12)
HOLY ROSARY
- പരിശുദ്ധ ദൈവമാതാവിനോടുള്ള ജപമാല
പ്രാരംഭഗാനം
- പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍. ആമ്മേന്‍.
- പ്രാരംഭ പ്രാര്‍ത്ഥന അളവില്ലാത്ത സകല നന്‍മസ്വരൂപനായിരിക്കുന്ന സര്‍വ്വേശ്വരാ, കര്‍ത്താവേ, എളിയവരും നന്ദിയറ്റ പാപികളുമായ ഞങ്ങള്‍ നിസ്സീമ പ്രതാപവാനായ അങ്ങേ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയില്‍ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്‍റെ സ്തുതിക്കായി ജപമാലയര്‍പ്പിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ അര്‍പ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടി ചെയ്യുന്നതിനു കര്‍ത്താവെ ഞങ്ങളെ സഹായിക്കണമെ.
- വിശ്വാസപ്രമാണം 1. സ്വര്‍ഗ്ഗസ്ഥനായ........ പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധമറിയമേ, ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിനു അങ്ങേ തിരുക്കുമാരനോടപേക്ഷിക്കണമെ. 1 നന്‍മ. പുത്രനായ ദൈവത്തിന്‍റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളില്‍ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോടപേക്ഷിക്കണമെ. 1 നന്‍മ. പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധമറിയമേ, ഞങ്ങളില്‍ ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വര്‍ദ്ധിക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമെ. 1 നന്‍മ 1 ത്രിത്വ.
- സന്തോഷരഹസ്യങ്ങള്‍ ക (ഞായര്‍, ബുധന്‍) ഒന്നാം രഹസ്യം മംഗള വാര്‍ത്ത (ലൂക്കാ 1:26-38) "പരിശുദ്ധ ദൈവമാതാവ് ഗര്‍ഭം ധരിച്ച്, ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാര്‍ത്ത ഗബ്രിയേല്‍ മാലാഖ ദൈവകല്പനയാല്‍ അറിയിച്ചുവെന്നു ധ്യാനിക്കുക''. ദൈവേഷ്ടത്തിന് സ്വയം സമര്‍പ്പിച്ച് ജീവിതം ധന്യമാക്കിയ പരിശുദ്ധ കന്യകാമറിയമേ, ഞങ്ങളും ദൈവേഷ്ടം നിറവേറ്റുന്നവരായി ജീവിക്കുവാനും ഞങ്ങളെ തന്നെ ദൈവരാജ്യനിര്‍മ്മിതിക്കായി സമര്‍പ്പിക്കാനും ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ. 1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ. രണ്ടാം രഹസ്യം മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്നു (ലൂക്കാ 1: 39-46) "എലിസബത്ത് ഗര്‍ഭിണിയായ വിവരം കേട്ടപ്പോള്‍ പരിശുദ്ധ ദൈവമാതാവ് ആ പുണ്യവതിയെ ചെന്നു കണ്ട് മൂന്നു മാസം വരെ അവള്‍ക്ക് ശുശ്രൂഷ ചെയ്തു എന്ന് ധ്യാനിക്കുക". കാരുണ്യമുള്ള അമ്മേ, അങ്ങയെപ്പോലെ സ്നേഹത്തിലും സേവനസന്നദ്ധതയിലും വളരുവാന്‍ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമെ. 1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ മൂന്നാം രഹസ്യം ഈശോയുടെ ജനനം (ലൂക്കാ 2: 5-7) "പരിശുദ്ധ ദൈവമാതാവ് തന്‍റെ ഉദരത്തില്‍ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിക്കാന്‍ കാലമായപ്പോള്‍ ബത്ലഹേം നഗരിയില്‍ പാതിരായ്ക്ക് പ്രസവിച്ച് ഒരു പുല്‍ത്തൊട്ടിയില്‍ കിടത്തി എന്നു ധ്യാനിക്കുക". നാലാം രഹസ്യം ഉണ്ണീശോയെ കാഴ്ച സമര്‍പ്പിക്കുന്നു (ലൂക്കാ 2:21-24) "പരിശുദ്ധ ദൈവമാതാവ് തന്‍റെ ശുദ്ധീകരണത്തിന്‍റെ നാള്‍ വന്നപ്പോള്‍ ഈശോമിശിഹായെ ദൈവാലയത്തില്‍ കൊണ്ടു ചെന്നു ദൈവത്തിന് കാഴ്ചവെച്ച് ശെമയോന്‍ എന്ന മഹാത്മാവിന്‍റെ കരങ്ങളില്‍ ഏല്‍പ്പിച്ചു എന്നു ധ്യാനിക്കുക". പരിശുദ്ധ അമ്മേ, ദൈവം ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കഴിവുകളെല്ലാം ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് ദൈവമഹത്വത്തിനും സഹോദരനന്‍മയ്ക്കും ഉപയോഗിച്ച് നീതിയോടുകൂടെ ജീവിക്കുവാന്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ. 1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ അഞ്ചാം രഹസ്യം ഈശോയെ ദൈവാലയത്തില്‍ കണ്ടെത്തുന്നു (ലൂക്കാ 2:41-52) "പരിശുദ്ധ ദൈവമാതാവ് തന്‍റെ ദിവ്യകുമാരനു പന്ത്രണ്ടു വയസ്സായിരിക്കെ മൂന്നു ദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ടു മൂന്നാം നാള്‍ ദൈവാലയത്തില്‍ വച്ച് വേദശാസ്ത്രികളുമായി തര്‍ക്കിച്ചിരിക്കയില്‍ അവിടുത്തെ കണ്ടെത്തി എന്നു ധ്യാനിക്കുക". പരിശുദ്ധ ദൈവമാതാവേ, ഞങ്ങളുടെ ബലഹീനതകളാല്‍ ദൈവകുമാരനെ നഷ്ടപ്പെടുത്താതിരിക്കുവാനും അഥവാ നിര്‍ഭാഗ്യവശാല്‍ അവിടുത്തെ നഷ്ടപ്പെടുത്തിയാല്‍ ഉത്തമ മനസ്താപത്തോടുകൂടെ അനുരഞ്ജന കൂദാശ സ്വീകരിക്കുവാനും, പ്രാര്‍ത്ഥന, ഉപവാസം, ധര്‍മ്മദാനം എന്നിവയിലൂടെ ഈശോയെ കണ്ടെത്തുവാനുമുള്ള മനസ്സ് നല്‍കാന്‍ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ. 1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ ദൈവമാതാവേ, ലോകസമ്പത്തില്‍ മുഴുകിപ്പോകാതെ ലോകവസ്തുക്കളെ മിതമായി ഉപയോഗിക്കാനും ആവശ്യാനുസരണം പങ്കുവയ്ക്കുവാനുമുള്ള മനസ്സ് നല്‍കാന്‍ പ്രാര്‍ത്ഥി ക്കണമെ. 1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ. കക
- പ്രകാശരഹസ്യങ്ങള്‍ (ഞായര്‍, വ്യാഴം) ഒന്നാം രഹസ്യം യേശുവിന്‍റെ മാമ്മോദീസ (യോഹ. 2: 1-11, മത്താ. 3: 13-17; മര്‍ക്കോ. 1: 9-11; ലൂക്കാ 3:21-22) "നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ യോര്‍ദ്ദാന്‍ നദിയില്‍ മാമ്മോദീസ സ്വീകരിച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവിടുത്തെ മേല്‍ എഴുന്നള്ളിവന്നതിനെയും ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നും അരുളപ്പാടുണ്ടായതിനെയും കുറിച്ച് നമുക്ക് ധ്യാനിക്കാം". പരിശുദ്ധ ദൈവമാതാവേ, പാപം അറിയാത്ത യേശു പാപികളോടൊപ്പം പാപമോചനത്തിന്‍റെ ജ്ഞാനസ്നാനം സ്വീകരിച്ചുകൊണ്ട് സ്വയം വിനീതനായപ്പോള്‍ ദൈവപിതാവ് യേശുവില്‍ അങ്ങേയറ്റം പ്രസാദിച്ചുവല്ലോ (2 കോറി 5:21, ഫിലി. 2:9); അങ്ങയേയും അങ്ങയുടെ തിരുക്കുമാരനേയും അനുകരിച്ച് വിനീതരായി വര്‍ത്തിക്കുവാനും പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങളാല്‍ നിറഞ്ഞ് ദൈവത്തിന്‍റെ പ്രിയപ്പെട്ട മക്കളായി ജീവിക്കുവാനും വേണ്ട പ്രകാശം ലഭിക്കുവാനായി ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ. 1. സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ. രണ്ടാം രഹസ്യം കാനായിലെ അത്ഭുതം (യോഹ 2:1-11) "നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ കാനായിലെ കല്യാണ വിരുന്നില്‍ വച്ച് തന്‍റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അപേക്ഷ സ്വീകരിച്ച് അത്ഭുതകരമായി വെള്ളം വീഞ്ഞാക്കി തന്‍റെ മഹത്വം വെളിപ്പെടുത്തിയതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം". പരിശുദ്ധ ദൈവമാതാവേ, അങ്ങയുടെ പുത്രനായ യേശു പറയുന്നതുപോലെ പ്രവര്‍ത്തിക്കുവാനാണല്ലോ അങ്ങ് ഞങ്ങളെ ഉപദേശിക്കുന്നത്. ഞങ്ങളുടെ പാദങ്ങള്‍ക്ക് വിളക്കും പാതയില്‍ പ്രകാശവുമായ (സങ്കീ 119:105) യേശുവിന്‍റെ വചനങ്ങള്‍ക്കനുസരിച്ച് ജീവിച്ചുകൊണ്ട് സദാ അവിടുത്തെ മഹത്വം ദര്‍ശിക്കുവാന്‍ വേണ്ട പ്രകാശം ലഭിക്കുന്നതിനായി ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ 1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ മൂന്നാം രഹസ്യം ദൈവരാജ്യ പ്രഖ്യാപനം (മര്‍ക്കോ. 1:15; മത്താ. 4:17) "നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ ദൈവരാജ്യത്തിന്‍റെ ആഗമനം അറിയിച്ചുകൊണ്ട് അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ എന്ന് ആഹ്വാനം ചെയ്തതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം". പരിശുദ്ധ ദൈവമാതാവേ, അനുരഞ്ജനമെന്ന കൂദാശയിലൂടെ ഞങ്ങളുടെ പാപമാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിച്ച് ദൈവത്തിങ്കലേയ്ക്ക് തിരിച്ചു വരുവാനും "ദൈവരാജ്യമെന്നാല്‍ ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണെന്ന്" (റോമ 14:17) വിശ്വസിക്കുവാനും വേണ്ട പ്രകാശം ഞങ്ങള്‍ക്ക് ലഭിക്കുവാനായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ. 1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ. നാലാം രഹസ്യം യേശുവിന്‍റെ രൂപാന്തരീകരണം (മത്താ 17:1-8; മര്‍ക്കോ 9: 2-8; ലൂക്കാ 9:28-36; 2 പത്രോ. 1:17-18) "നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ താബോര്‍ മലയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ രൂപാന്തരപ്പെട്ടതിനെയും "ഇവന്‍ എന്‍റെ പ്രിയപുത്രനാകുന്നു, ഇവനെ നിങ്ങള്‍ ശ്രവിക്കുവിന്‍" എന്ന് സ്വര്‍ഗ്ഗീയ അരുളപ്പാട് ഉണ്ടായതിനെയും കുറിച്ച് നമുക്ക് ധ്യാനിക്കാം". പരിശുദ്ധ ദൈവമാതാവേ, ഒരിക്കല്‍ ഞങ്ങളും യേശുവിനോടൊപ്പം രൂപാന്തരം പ്രാപിക്കുകയും അവിടുത്തെ മഹത്വത്തില്‍ പ്രവേശിക്കുകയും ചെയ്യുമെന്ന വിശ്വാസം ആഴമാക്കി ക്കൊണ്ട് ഇടുങ്ങിയ വഴിയിലൂടെയുള്ള ഞങ്ങളുടെ ജീവിതയാത്ര മുന്നോട്ട് നയിക്കുവാന്‍ വേണ്ട പ്രകാശം ലഭിക്കുവാനായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ. 1 സ്വര്‍ഗ്ഗ 10 നന്‍മ. 1 ത്രിത്വ അഞ്ചാം രഹസ്യം പരിശുദ്ധ കുര്‍ബാന സ്ഥാപനം (മര്‍ക്കോ 14: 12-21; ലൂക്കാ 22: 7-23; യോഹ. 13:21-30) "നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ അന്ത്യഅത്താഴവേളയില്‍ നമ്മോടുള്ള സ്നേഹത്തിന്‍റെ ഉടമ്പടിയായി തന്‍റെ ശരീരരക്തങ്ങള്‍ പങ്കുവച്ചു നല്കുന്ന പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിനെക്കുറിച്ച് നമുക്ക് ധ്യാനിക്കാം". പരിശുദ്ധ ദൈവമാതാവേ, ഒരേ അപ്പം ഭക്ഷിക്കുകയും ഒരേ പാനപാത്രത്തില്‍ നിന്നും കുടിക്കുകയും ചെയ്യുന്ന ഞങ്ങളെല്ലാവരും ക്രിസ്തുവില്‍ ഒരു സജീവ ബലിവസ്തുവായി പരിണമിക്കുവാനും ഒരു സ്നേഹസമൂഹമായി വളരുവാനും വേണ്ട പ്രകാശം ലഭിക്കുവാനായി ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ. 1 സ്വര്‍ഗ്ഗ 10 നന്‍മ. 1 ത്രിത്വ കകക
- ദുഃഖരഹസ്യങ്ങള്‍ (തിങ്കള്‍, വെള്ളി) ഒന്നാം രഹസ്യം ഈശോ ഗത്സമേന്‍ തോട്ടത്തില്‍ ( ലൂക്കാ 22: 39-46, മത്താ. 26: 39-46; മര്‍ക്കോ. 1: 32-42;) "നമ്മുടെ കര്‍ത്താവീശോമിശിഹാ പൂങ്കാവനത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ രക്തം വിയര്‍ത്തു എന്നു ധ്യാനിക്കുക". പരിശുദ്ധ കന്യകാമാതാവേ, ദൈവേഷ്ടം നിറവേറ്റുന്നതില്‍ സര്‍വ്വദാ ജാഗ്രത കാണിച്ച യേശുവിനെപ്പോലെ പൊള്ളുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നടുവിലും ദൈവരാജ്യത്തിനെതിരെയുള്ള പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടാതിരിക്കാനുള്ള കൃപ ഞങ്ങള്‍ക്ക് ലഭിക്കുവാന്‍ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1. സ്വര്‍ഗ്ഗ. 10 ന്‍മ. 1 ത്രിത്വ. രണ്ടാം രഹസ്യം ഈശോയെ ചമ്മട്ടികൊണ്ട് അടിപ്പിക്കുന്നു (ലൂക്കാ 23: 15-16, മത്താ. 27: 27-37; മര്‍ക്കോ. 15: 16-20;) "നമ്മുടെ കര്‍ത്താവീശോമിശിഹാ പീലാത്തോസിന്‍റെ വീട്ടില്‍ വെച്ച് ചമ്മട്ടികളാല്‍ അടിക്കപ്പെട്ടു എന്നു ധ്യാനിക്കുക". പരിശുദ്ധ ദൈവമാതാവേ, സത്യത്തിനും നീതിക്കും വേണ്ടി സാക്ഷൃം വഹിക്കുമ്പോള്‍ ഉണ്ടാകുന്ന ദുരിതങ്ങളെ ആത്മസംയമനത്തോടുകൂടെ നേരിട്ട് വിജയപൂര്‍വ്വം തരണം ചെയ്യുവാന്‍ ഞങ്ങള്‍ക്കുവേണ്ടി ഈശോയോട് പ്രാര്‍ത്ഥിക്കേണമെ 1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ മൂന്നാം രഹസ്യം ഈശോയെ മുള്‍മുടി ധരിപ്പിക്കുന്നു (മര്‍ക്കോ. 15: 17) "കര്‍ത്താവീശോമിശിഹായെ യൂദന്‍മാര്‍ മുള്‍മുടി ധരിപ്പിച്ചു എന്നു ധ്യാനിക്കുക". പരിശുദ്ധ ദൈവമാതാവേ, അധികാരികളെ നീതിപൂര്‍വ്വം അനുസരിക്കുന്നതിനും മറ്റുള്ളവരോട് മനുഷ്യത്വത്തോടുകൂടെ ശാന്തമായി പെരുമാറുന്നതിനും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ. നാലാം രഹസ്യം ഈശോമിശിഹാ കുരിശു ചുമക്കുന്നു (യോഹ 19:17) "നമ്മുടെ കര്‍ത്താവീശോമിശിഹാ മരണത്തിന് വിധിക്കപ്പെട്ടതിനുശേഷം തനിക്ക് അപമാനവും വ്യാകുലവുമുണ്ടാകുവാന്‍ വേണ്ടി അവിടുത്തെ തിരുത്തോളിന്‍മേല്‍ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടു എന്ന് ധ്യാനിക്കുക". പരിശുദ്ധ കന്യകാമാതാവേ, ദൈവരാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ലഭ്യമാകുന്ന സഹനങ്ങളും പീഡനങ്ങളും ക്ഷമാപൂര്‍വ്വം വഹിച്ചുകൊണ്ട് ജീവിതത്തിലെ കാല്‍വരി കയറാന്‍ ഞങ്ങള്‍ക്കുവേണ്ടി ഈശോയോട് പ്രാര്‍ത്ഥിക്കണമേ. 1 സ്വര്‍ഗ്ഗ 10 നന്‍മ. 1 ത്രിത്വ അഞ്ചാം രഹസ്യം ഈശോ കുരിശില്‍ മരിക്കുന്നു (മത്താ. 27: 45-56, മര്‍ക്കോ 15: 33-41; ലൂക്കാ 23: യോഹ. 19:28-30) "നമ്മുടെ കര്‍ത്താവീശോമിശിഹാ ഗാഗുല്‍ത്താമലയില്‍ ചെന്നപ്പോള്‍ വ്യാകുലസമുദ്രത്തില്‍ മുഴുകിയ പരിശുദ്ധ മാതാവിന്‍റെ മുമ്പാകെ തിരുവസ്ത്രങ്ങളുരിഞ്ഞെടുക്കപ്പെട്ട് കുരിശിന്‍മേല്‍ തറയ്ക്കപ്പെട്ടുവെന്ന് ധ്യാനിക്കുക". പരിശുദ്ധ കന്യകാമാതാവേ, ദൈവരാജ്യത്തിനായി യേശു തന്‍റെ തന്നെ ജീവന്‍ സമര്‍പ്പിച്ചതുപോലെ ഞങ്ങള്‍ക്കും സ്നേഹസേവനത്തിലൂടെ മറ്റുള്ളവരുടെ രക്ഷയ്ക്കായി പ്രയത്നിക്കാനുള്ള മനസ്സ് നല്‍കാന്‍ പ്രാര്‍ത്ഥിക്കണമേ. 1 സ്വര്‍ഗ്ഗ 10 നന്‍മ. 1 ത്രിത്വ
- മഹിമരഹസ്യങ്ങള്‍ കഢ (ചൊവ്വ, ശനി) ഒന്നാം രഹസ്യം ഈശോയുടെ ഉത്ഥാനം ( യോഹ. 20:1-10; ലൂക്കാ 24: 5-7; മര്‍ക്കോ. 16: 6-7; മത്താ. 28: 5-7) "നമ്മുടെ കര്‍ത്താവീശോമിശിഹാ പീഡകള്‍ സഹിച്ച് മരിച്ചതിന്‍റെ മൂന്നാംനാള്‍ ജയസന്തോഷങ്ങളോടെ ഉയിര്‍ത്തെഴുന്നള്ളി എന്ന് ധ്യാനിക്കുക". പരിശുദ്ധ ദൈവമാതാവേ, വിശ്വാസത്തില്‍ അധിഷ്ഠിതമായ ജീവിതം നയിച്ച് ഉത്ഥാനജീവിതം അനുദിനം നയിക്കാന്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. 1. സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ. രണ്ടാം രഹസ്യം ഈശോയുടെ സ്വര്‍ഗ്ഗാരോഹണം (മര്‍ക്കോ. 16: 19; ലൂക്കാ 24: 50-51, അപ്പ.1: 9-11; ) "നമ്മുടെ കര്‍ത്താവീശോമിശിഹാ തന്‍റെ ഉയിര്‍പ്പിന്‍റെ ശേഷം നാല്പതാം നാള്‍ അത്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തന്‍റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ടു നില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്ന് ധ്യാനിക്കുക". പരിശുദ്ധ ദൈവമാതാവേ, ഈ ലോകത്തില്‍ ജീവിക്കുന്ന ഞങ്ങള്‍ വാക്കിലും പ്രവൃത്തിയിലും സ്വര്‍ഗ്ഗീയ സൌരഭ്യം പരത്തി ജീവിക്കുവാന്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമെ. 1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ മൂന്നാം രഹസ്യം പരിശുദ്ധാത്മാവിന്‍റെ ആഗമനം (അപ്പ. 2: 1-4) "നമ്മുടെ കര്‍ത്താവീശോമിശിഹാ പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുമ്പോള്‍ സെഹിയോന്‍ ഊട്ടു ശാലയില്‍ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്‍റെ മേലും ശ്ളീഹന്‍മാരുടെമേലും പരിശുദ്ധാത്മാവിനെ അയച്ചു എന്ന് ധ്യാനിക്കുക". പരിശുദ്ധ അമ്മേ, അങ്ങ് ആത്മാവിന്‍റെ സ്വരം ശ്രവിച്ച് യേശുവിനെ സ്വീകരിക്കുകയും രൂപപ്പെടുത്തുകയും ചെയ്തതു പോലെ ഞങ്ങളും ആത്മാവിനാല്‍ നയിക്കപ്പെട്ട് മനുഷ്യരുടെ നന്‍മയ്ക്കായ് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ 1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ. നാലാം രഹസ്യം മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണം "നമ്മുടെ കര്‍ത്താവീശോമിശിഹാ ഉയിര്‍ത്തെഴുന്നള്ളി കുറെക്കാലം കഴിഞ്ഞപ്പോള്‍ കന്യകാമാതാവ് ഈ ലോകത്തില്‍ നിന്നും മാലാഖമാരാല്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് കരേറ്റപ്പെട്ടുവെന്ന് ധ്യാനിക്കുക". പരിശുദ്ധ അമ്മേ, "ദൈവേഷ്ടം നിറവേറ്റി സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെട്ട അങ്ങയെപ്പോലെ ഞങ്ങളും ദൈവേഷ്ടം ഇന്ന് സമൂഹത്തില്‍ നിറവേറ്റുവാന്‍ തക്കവിധം ജീവിതം ക്രമപ്പെടുത്തുന്നതിന് ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 സ്വര്‍ഗ്ഗ 10 നന്‍മ. 1 ത്രിത്വ അഞ്ചാം രഹസ്യം മാതാവ് ത്രിലോകരാജ്ഞിയായി മുടി ധരിപ്പിക്കപ്പെടുന്നു "പരിശുദ്ധ ദൈവമാതാവ് പരലോകത്തില്‍ കരേറിയ ഉടനെ തന്‍റെ ദിവ്യകുമാരനാല്‍ സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടുവെന്ന് ധ്യാനിക്കുക". ത്രിലോകരാജ്ഞിയായ പരിശുദ്ധ അമ്മേ, നന്‍മപൂര്‍ണ്ണമായ ജീവിതം നയിച്ച് അവശ്യക്കാരില്‍ ദൈവത്തെ ദര്‍ശിക്കുവാനും ജീവിക്കുവാനും വേണ്ടി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ. 1 സ്വര്‍ഗ്ഗ 10 നന്‍മ. 1 ത്രിത്വ
- ജപമാല സമര്‍പ്പണം
മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, ദൈവദൂതന്‍മാരായ വിശുദ്ധ ഗബ്രിയേലേ,
വിശുദ്ധ റഫായേലേ, ശ്ളീഹന്‍മാരായ വിശുദ്ധ പത്രോസേ, വിശുദ്ധ പൌലോസേ, വിശുദ്ധ
യൌസേപ്പേ, വിശുദ്ധ തോമായേ, ഞങ്ങള്‍ വലിയ പാപികളാണെങ്കിലും ഞങ്ങള്‍
ജപിച്ച ഈ പ്രാര്‍ത്ഥന നിങ്ങളുടെ കീര്‍ത്തനങ്ങളോടു ഒന്നായി ചേര്‍ത്ത്
പരിശുദ്ധ ദൈവമാതാവിന്‍റെ തൃപ്പാദത്തിങ്കല്‍ കാഴ്ച വയ്ക്കാന്‍ നിങ്ങളോടു
ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ദൈവമാതാവിന്‍റെ ലുത്തിനിയ
കര്‍ത്താവേ അനുഗ്രഹിക്കണമെ
കര്‍ത്താവേ അനുഗ്രഹിക്കണമെ
മിശിഹായെ അനുഗ്രഹിക്കണമെ
മിശിഹായെ അനുഗ്രഹിക്കണമെ
കര്‍ത്താവേ, അനുഗ്രഹിക്കണമെ
കര്‍ത്താവെ അനുഗ്രഹിക്കണമെ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമെ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമെ
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമെ
ലോകരക്ഷകനായ ദൈവപുത്രാ, ''
പരിശുദ്ധാത്മാവായ ദൈവമേ, ''
ഏക ദൈവമായ പരിശുദ്ധ ത്രീത്വമേ, ''
പരിശുദ്ധ മറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ
ദൈവത്തിന്‍റെ പരിശുദ്ധ ജനനീ, ''
കന്യകകള്‍ക്കു മകുടമായ നിര്‍മ്മലകന്യകേ, ''
മിശിഹായുടെ മാതാവേ, ''
ഏറ്റവും നിര്‍മ്മലയായ മാതാവേ, ''
അത്യന്തവിരക്തയായ മാതാവേ, ''
കളങ്കമറ്റ മാതാവേ, ''
കന്യാത്വത്തിന് ഭംഗംവരാത്ത മാതാവേ, ''
അത്ഭുതത്തിന് വിഷയമായ മാതാവേ, ''
സദുപദേശത്തിന്‍റെ മാതാവേ, ''
സ്രഷ്ടാവിന്‍റെ മാതാവേ, ''
രക്ഷകന്‍റെ മാതാവേ, ''
ഏറ്റവും വിവേകമതിയായ കന്യകേ, ''
കനിവുള്ള കന്യകേ,
ഏറ്റവും വിശ്വസ്തയായ കന്യകേ, ''
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ, ''
സ്തുതിക്ക് ഏറ്റം യോഗ്യയായ കന്യകേ, ''
ഏറ്റം വല്ലഭയായ കന്യകേ, ''
നീതിയുടെ ദര്‍പ്പണമേ, ''
ദിവ്യജ്ഞാനത്തിന്‍റെ സിംഹാസനമേ, ''
ഞങ്ങളുടെ ആനന്ദത്തിന്‍റെ കാരണമേ, ''
ആദ്ധ്യാത്മിക പാത്രമേ, ''
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ, ''
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ,''
ദാവീദിന്‍റെ കോട്ടയേ, ''
നിര്‍മ്മല ദന്തംകൊണ്ടുള്ള കോട്ടയേ, ''
സ്വര്‍ണ്ണാലയമേ, ''
വാഗ്ദാനത്തിന്‍റെ പേടകമേ, ''
സ്വര്‍ഗ്ഗത്തിന്‍റെ വാതിലേ, ''
ഉഷഃകാല നക്ഷത്രമേ, ''
രോഗികളുടെ ആരോഗ്യമേ, ''
പാപികളുടെ സങ്കേതമേ, ''
പീഡിതരുടെ ആശ്വാസമേ, ''
ക്രിസ്ത്യാനികളുടെ സഹായമേ, ''
മാലാഖമാരുടെ രാജ്ഞീ, ''
പൂര്‍വ്വപിതാക്കന്‍മാരുടെ രാജ്ഞീ, ''
ദീര്‍ഘദര്‍ശികളുടെ രാജ്ഞീ, ''
ശ്ളീഹന്‍മാരുടെ രാജ്ഞീ, ''
വേദസാക്ഷികളുടെ രാജ്ഞീ, ''
വന്ദകരുടെ രാജ്ഞീ, ''
കന്യകകളുടെ രാജ്ഞീ, ''
സകലവിശുദ്ധന്‍മാരുടെയും രാജ്ഞീ, ''
സ്വര്‍ഗ്ഗാരോപിതയായ രാജ്ഞീ, ''
പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ''
തിരുസഭയുടെ രാജ്ഞീ, ''
കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞീ, ''
സമാധാനത്തിന്‍റെ രാജ്ഞീ, ''
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടെ.
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ. ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടെ,
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടെ,
കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ. സര്‍വ്വേശ്വരന്‍റെ പുണ്യപൂര്‍ണ്ണയായ മാതാവേ, ഇതാ ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു. ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ, ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളില്‍ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമെ. പ്രാര്‍ത്ഥിക്കാം കര്‍ത്താവേ, പൂര്‍ണ്ണമനസ്സോടുകൂടെ സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ (സമൂഹത്തെ) തൃക്കണ്‍ പാര്‍ത്ത് നിത്യകന്യകയായ പരിശുദ്ധമറിയത്തിന്‍റെ അപേക്ഷയാല്‍ സകല ശത്രുക്കളുടേയും ഉപദ്രവങ്ങളില്‍ നിന്ന് കൃപ ചെയ്തു രക്ഷിച്ചുകൊള്ളണമെ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്ക് തന്നരുളേണമെ. ആമ്മേന്‍! ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍,/ സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ. പ്രാര്‍ത്ഥിക്കാം സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ, ഭാഗ്യവതിയായ മറിയത്തിന്‍റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹത്താല്‍ അങ്ങേ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ ആദിയില്‍ അങ്ങ് നിശ്ചയിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ച് സന്തോഷിക്കുന്ന ഞങ്ങള്‍ ആ അമ്മയുടെ ശക്തിയുള്ള അപേക്ഷയാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമെ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്ക് തന്നരുളേണമെ. ആമ്മേന്‍.
No comments:
Post a Comment